Thursday, January 15, 2009

അമിതാബ് ബച്ചന്‍ - Amitabh Bachchan


നിന്‍റെ ഉയരം നിന്‍റെ ഉയര്‍ച്ചയല്ല... നിന്‍റെ പ്രയത്നമാണ് നിന്‍റെ നിലവാരം ഒരിക്കല്‍ ആരോ ഓട്ടോഗ്രാഫില്‍ എഴുതി പിടിപ്പിച്ച വാചകം.

മെലിഞ്ഞു കഴുക്കോല്‍ പോലുള്ള രൂപം ഇന്ത്യന്‍ നായക സങ്കല്‍പത്തിന്റെ പരിധിക്ക് പുറത്തായിരുന്ന കാലത്താണ് ഉയരവും പ്രയത്നവും ഇഴ ചേര്‍ത്ത്‌ കൊണ്ട് അമിതാബ് ബച്ചന്‍
പടവുകള്‍ കയറുവാന്‍ തുടങ്ങിയത്.

ആദ്യ കാലത്തെ പോരായ്മകളില്‍ അടി പതറാതെ തന്‍റെ ഊഴം കാത്തിരുന്ന നടന്‍. കുതിരയുടെ കഥ പറയുന്ന സിനിമ പിടിക്കുമ്പോള്‍ ഹീറോ ആയി വിളിക്കാമെന്ന് ആക്ഷേപിച്ച നിര്‍മ്മാതാവ് പിന്നീട് നടന്‍റെ കോള്‍ ഷീറ്റ് കിട്ടാന്‍ കാത്തു കിടന്നതും നായികയായി നടിക്കാന്‍ വിമുഖത കാട്ടിയ നടിമാര്‍ പശ്ചാതപിച്ചതും ബച്ചന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള കഥകളാണ് .
ആകാശ വാണി തിരസ്കരിച്ച ശബ്ദം ഇന്ത്യന്‍ സിനിമയുടെ പൌരുഷത്തിന്റെ പ്രതീകം ആയപ്പോഴേക്കും ഇന്ത്യ കണ്ട എക്കാലത്തേയും വലിയ സൂപ്പര്‍സ്റ്റാര്‍ ആയി അമിതാബ് വളര്ന്നു കഴിഞ്ഞിരുന്നു
ഒരുപക്ഷെ മാധ്യമങ്ങളില്‍ ഇത്രയേറെ നിറഞ്ഞു നിന്ന മറ്റൊരു മഹാ നടന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ ഉണ്ടായിരിക്കില്ല.

എന്നും വിവാദങ്ങളുടെ കളി കൂട്ടുകാരനായിരുന്നു അമിതാബ്.
രേഖയും , പര്‍വീന്‍ ബാബിയും , ബോഫോര്‍സൂം വിവാദങ്ങളുടെ ഇഷ്ട തോഴന്റെ ആദ്യ കാല അകമ്പടികള്‍ ആയിരുന്നെങ്കില്‍ പിന്നീട് മകന്‍റെ കല്യാണത്തിന് ക്ഷണിക്കപ്പെടാത്തവരുടെ പട്ടിക വരെ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

പ്രവര്‍ത്തന മേഖലകളില്‍ ഒന്നാമന്‍ ആകുക എന്നത് അമിതാഭിന്‍റെ പ്രത്യേകതയാണ് . നാല്‌ പതിറ്റാണ്ട്‌ കാലമായി ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകം ആയി അദ്ദേഹം വാഴുന്നതിന്റെ രഹസ്യവും അത് തന്നെയാകാം.

1 comment:

  1. നല്ല ചിന്തകള്‍. എഴുത്ത് നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍

    ReplyDelete